ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ്
ഒക്ടോബര്‍ 2ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാര്യങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം വ്യാഴാഴ്ച ദല്‍ഹിയില്‍ നടക്കും. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കള്‍, സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇത് കൂടാതെ പാര്‍ട്ടിയുടെ വരുന്ന സംഘടന പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. സംഘടന തെരഞ്ഞെടുപ്പ് ഇതില്‍ പ്രധാന ചര്‍ച്ചയാവും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മറ്റൊരു യോഗം ജൂലൈ 18ന് നടക്കും.
മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഭാഗഭാക്ക് ആക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. 16 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോവുക. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ സന്ദേശം പടര്‍ത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ കശ്മീരില്‍ ആരംഭിക്കുന്ന യാത്ര കന്യാകുമാരിയിലാണ് അവസാനിക്കുക. യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദിഗ്‌വിജയ് സിങ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രവ്‌നീത് സിംഗ് ബിട്ടു, കെജെ ജോര്‍ജ്, ജ്യോതിമണി, പ്രദ്യുത് ബോര്‍ദോലോയി, ജിതു പട്‌വാരി, സലീം അഹമ്മദ് എന്നീ നേതാക്കളാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍.
തമിഴ്‌നാട്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോവുമെന്ന് യാത്രയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രണ്ട് നേതാക്കള്‍ പറഞ്ഞു. 3500ഓളം കിലോമീറ്റര്‍ കാല്‍നടയായാണ് നേതാക്കള്‍ പിന്നിടുക. അഞ്ചോ ആറോ മാസം യാത്ര നീണ്ടുനില്‍ക്കും. 'രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള മുഴുവന്‍ ദൂരവും നടക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ദിവസവും 30 കിലോമീറ്ററിന് മേല്‍ പിന്നിടണമെന്ന് ആദ്യ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു.പക്ഷെ അത്രയും ദൂരം നടക്കാന്‍ എല്ലാവര്‍ക്കും പറ്റില്ലെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു', പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലാണ് യാത്ര പ്രഖ്യാപിച്ചത്. സമാന ആശയമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയില്‍ പങ്കാളിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെയും യാത്രയുടെ ഭാഗമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.