ജമ്മുവിൽ കർഫ്യൂ; ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു

 
JK
ജമ്മു കശ്മീരിലെ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബിജെപി വക്താവ് നടത്തിയ പ്രവാചകനിന്ദയെ അനുകൂലിച്ച് ജമ്മുവിലെ ചില നേതാക്കൾ രംഗത്തെത്തിയതോടെ ഭാദേർവയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കാനായി കർഫ്യൂ പ്രഖ്യാപിച്ചത്.ജമ്മുവിന്റെ തലസ്ഥാനമായ ശ്രീനഗറിലും ക‍‍ർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. റംബാൻ ജില്ലയിൽ മൂന്നോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നതിൽ നിരോധമുണ്ട്.. കർഫ്യൂ നിലനിൽക്കുന്ന നഗരങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്താൻ സൈന്യത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പ്രവാചകനിന്ദയിൽ ചില നേതാക്കൾ നുപുർ ശർമയെ അനുകൂലിച്ചതിൽ പ്രതിഷേധിച്ച് ഭാദേർവയിലെ ഒരു പള്ളിയിൽ പ്രസംഗവും പ്രതിഷേധവും നടന്നിരുന്നു. ഇതിന് പുറമെ, സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയതയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വന്നതായി പൊലീസ് പറഞ്ഞു. ഈ പ്രതിഷേധങ്ങൾ സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, മതനിന്ദാപരമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്തതിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേന്ദ്രഭരണ പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഡോഡ ജില്ലാ ഭരണകൂടം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ ജമ്മുവിലെ സമാധാനപരമായ അന്തരീക്ഷം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ചില സാമുദായിക നേതാക്കൾ അത് തകർക്കുകയാണ്. ജമ്മുവിന്റെ സൗഹാർദ്ദം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു
നിലവിൽ ജമ്മുവിൽ ധാരാളം പ്രശ്നങ്ങളുണ്ട്. ഭാദേർവയിലും പരിസരത്തും പടരുന്ന വർഗീയ സംഘർഷങ്ങൾ തടയുന്നതിൽ എല്ലാ രാഷ്ട്രീയ നേതാക്കളും ശ്രമിക്കണം. എല്ലാ ജനങ്ങളും ശാന്തത പാലിക്കണമന്നും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.