എല്ലാവരും മാസ്‌ക് ധരിക്കും

ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ്
 
Rahul

ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോർ തുടരുകയാണ്.

ഭാരത് ജോഡോ യാത്ര ഡൽഹി അതിർത്തിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കൊവിഡ് മാനദണ്ഡങ്ങൾ വെല്ലുവിളിയായി മാറിയത്. യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര നിർത്തിവയ്ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശം നൽകി. ഭാരത് ജോഡോയ്ക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യാത്ര തടയാനുള്ള ബിജെപിയുടെ ശ്രമം ഫലം കാണില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

യാത്രയിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുമെന്നും കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പാലിച്ച് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് അറിയിച്ചു. യാത്രയിൽ പങ്കെടുത്ത ഹിമാചൽ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി യാത്ര അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.