മുന്‍ ഗവര്‍ണര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്: ലാ ഗണേശന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ലാ ഗണേശന്‍ സത്യപ്രതിജ്ഞ ചെയ്തു. ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഗണേശന്‍ ചുമതലയേറ്റത്. നിലവില്‍ മണിപ്പൂര്‍ ഗവര്‍ണറായ ഗണേശന് ബംഗാളിന്റെ അധിക ചുമതല കൂടി നല്‍കുകയായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്നാണ് ജഗദീപ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്.
തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി മമത ബാനര്‍ജി, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം മമത പുതിയ ഗവര്‍ണര്‍ക്ക് സ്വാഗതം ആശംസിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കലഹിച്ച ഗവര്‍ണര്‍ എന്ന നിലയില്‍ ജഗ്ദീപ് ധന്‍കര്‍ ശ്രദ്ധനേടിയിരുന്നു. നേരത്തെ ധന്‍കറെ ഗവര്‍ണര്‍ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ എംപി സുകേന്ദു ശേഖര്‍ റായ് രാജ്യസഭയില്‍ പ്രമേയമവതരിപ്പിച്ചിരുന്നു. ഗവര്‍ണറുമായുളള ശീതസമരം കടുത്തിരിക്കെ മമത ബാനര്‍ജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന വാദവുമായി ജഗ്ദീപ് ധന്‍കര്‍ തന്നെ രംഗത്തുവന്നിരുന്നു. മമതയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താന്‍ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു.