ആഗ്രയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം; കെട്ടിട ഉടമയും മക്കളും മരിച്ചു

 
fair
ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറിലെ ആർ മധുരാജ് ആശുപത്രിയിലാണ് ബുധനാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായത്.

ആശുപത്രി കെട്ടിടത്തിന്‍റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ബേസ്മെന്‍റും ഒന്നാം നിലയും ആശുപത്രിക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു.

സംഭവസമയത്ത് നാല് രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.