അമിത് ഷായ്ക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്

 
chief


സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായതായി അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. എന്നാൽ താൻ പ്രധാന വക്കീൽ അല്ലാത്തതിനാൽ അത് പ്രധാനമല്ലെന്നും ലളിത് പറഞ്ഞു. വിരമിച്ച ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശരിയാണ്, ഞാൻ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. എന്നാൽ രാം ജഠ്മലാനിയായിരുന്നു പ്രധാന അഭിഭാഷകൻ എന്നതിനാൽ അതിന് പ്രസക്തിയില്ല” – ലളിത് പറഞ്ഞു.2014 ൽ ഭരണം മാറുന്നതിന് മുമ്പാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഞാൻ നേരത്തെ വിശദീകരണം നൽകിയിരുന്നു, പക്ഷേ പ്രധാന അഭിഭാഷകൻ ആയിരുന്നില്ല. ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് താൻ ഹാജരായതെന്നും അതും പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഒരു ഉപ കേസിലാണ് താൻ ഹാജരായതെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.2014ൽ ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് സുപ്രധാനവും വിവാദപരവുമായ നിരവധി കേസുകളിൽ അഭിഭാഷകനായിരുന്നു ജസ്റ്റിസ് യുയു ലളിത്. സെഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസർ ബി, അദ്ദേഹത്തിന്‍റെ കൂട്ടാളി തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവച്ചുവെന്ന് ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാർ ആരോപണം നേരിട്ട കേസിൽ അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു ലളിത്.