വിമതര്‍ക്ക് സമ്മര്‍ദ്ദം ഏറും..ബി.ജെ.പി.ക്ക് തിരിച്ച്
പ്രതിദിന ചെലവ് 8 ലക്ഷം; ഗുവാഹത്തിയിൽ വിമത എംഎൽഎമാർക്ക് ആഡംബര ജീവിതം

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി. പരസ്യമായി കളത്തിലിറങ്ങിയ സാഹചര്യത്തില്‍ വിമത എം.എല്‍.എ.മാര്‍ക്കെതിരെ മറുതന്ത്രവുമായി ശിവസേനയും ഇറങ്ങി. ഇതോടെ രംഗം കൂടുതല്‍ നാടകീയമായി മാറുകയാണ്. ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന 12 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന വ്യാഴാഴ്ച ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത 12 എംഎൽഎമാർക്കെതിരെയാണ് നടപടി വേണമെന്നാണ് ശിവസേനയുടെ ആവശ്യം. വ്യാഴാഴ്ച വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ നടന്ന യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.വിമതര്‍ക്ക് എളുപ്പത്തില്‍ കീഴടങ്ങി എന്ന ഒരു തോന്നല്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയത് ശരിയല്ലെന്ന തോന്നലില്‍ നിന്നും ഇനി ശക്തമായി കളിക്കുക എന്ന നിലപാടിലേക്ക് ശിവസേനാ നേതൃത്വം വന്നിരിക്കയാണ്.
അയോഗ്യതാ വിഷയം എടുത്തിടുന്നതോടെ വിമത എം.എല്‍.എ.മാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക, സ്‌പീക്കര്‍ക്ക് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാക്കി കൂടുതല്‍ നിയമക്കുരുക്കിലേക്ക് വിമതരെ എത്തിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ശിവസേന ആലോചിക്കുന്നതെന്ന് വ്യക്തം. എളുപ്പത്തില്‍ എം.എല്‍.എ.മാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാന്‍ അനുവദിക്കരുതെന്ന ധാരണയാണ് ശിവസേനയുടെ നീക്കങ്ങളില്‍ നിഴലിക്കുന്നത്. സമ്മര്‍ദ്ദത്തിലൂടെ എം.എല്‍.എ.മാരെ ഭൂരിപക്ഷത്തെയും തിരികെ കൊണ്ടുവരാനാകുമെന്നാണ് ശിവസേന നേതൃത്വം പ്രത്യാശിക്കുന്നത്. പെട്ടെന്നുള്ള ആവേശം കെട്ടടങ്ങുമ്പോള്‍ വിമതര്‍ക്ക് ചാഞ്ചാട്ടം ഉണ്ടാകുമെന്ന വിശ്വാസവും ഉണ്ട്. മുഖ്യമന്ത്രിസ്ഥാനം രാജി വെക്കാതെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഉദ്ധവ് താക്കറേയുടെ നടപടി കാര്യങ്ങളെ അല്‍പം വൈകാരികമാക്കി മാറ്റാനുള്ള ഉദ്ദേശത്തിലുമാണ്. ശിവസേനയുടെ തലതൊട്ടപ്പനായിരുന്ന ബാല്‍ താക്കറേയുടെ വീടായ മാതോശ്രീയിലേക്ക് എം.എല്‍.എ.മാരെ വിളിച്ചിട്ട് വന്നില്ല എന്നത് അണികളില്‍ അവര്‍ക്കെതിരായ ഓളം ഉണ്ടാക്കുമെന്നും ഇത് എം.എല്‍.എ.മാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാമെന്നും സേനാ നേതൃത്വം വിശ്വസിക്കുന്നതായി പറയുന്നു. ഇത്തരം തന്ത്രങ്ങള്‍ വഴി പുനര്‍ചിന്തയുടെ വാതില്‍ തുറക്കുക, ഒപ്പം സമാന്തരമായി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള തന്ത്രങ്ങള്‍ തുടരുക-ബി.ജെ.പി.യുടെ കളികളെ മറികടക്കാന്‍ ശിവസേനയും കളത്തില്‍ ഇറങ്ങിയിരിക്കയാണ്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ വിമത ശിവസേന എംഎൽഎമാർക്ക് താമസമൊരുക്കിയിരിക്കുന്നത് ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. 196 മുറികളുള്ള ഹോട്ടലിൽ ഏഴ് ദിവസത്തേക്കായി 70 മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ മുറികൾക്ക് ഏഴ് ദിവസത്തേക്ക് 56 ലക്ഷം രൂപയാണ് നിരക്ക് . ഭക്ഷണത്തിനും മറ്റ് സേവനങ്ങൾക്കുമുള്ള പ്രതിദിന ചെലവ് 8 ലക്ഷം രൂപയും.എംഎൽഎമാർക്കും , കോർപ്പറേറ്റ് ഇടപാടുകളിൽ ഇതിനകം ബുക്ക് ചെയ്തവർക്കും മാത്രമെ നിലവിൽ റൂം അനുവദിക്കുന്നുള്ളൂ. വിവാഹമൊഴികെയുള്ള പരിപാടികൾ അനുവദിക്കുന്നില്ല. പുറത്തു നിന്നുള്ളവർക്കായി ഭക്ഷണശാല തുറന്ന് നൽകുന്നില്ല.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലേക്കാണ് ആദ്യം പോയത്. പിന്നീട് ബുധനാഴ്ച അസമിലെ ഗുവാഹത്തിയിലേക്ക് എത്തുകയായിരുന്നു. സ്വതന്ത്രർ ഉൾപ്പെടെ 46 ഓളം എംഎൽഎമാരുമായാണ് ഏകനാഥ് ഷിൻഡെ ക്യാമ്പ് ഗുവാഹത്തിയിൽ ചെയ്യുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെ അഘാഡി സഖ്യത്തിന്റെ ഭരണത്തിൽ ശിവസേന നേതാക്കളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസുമായും എൻസിപിയുമായുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന് വിമതർ ആവശ്യപ്പെട്ടു. പുതിയ സർക്കാർ രൂപീകരിക്കാൻ ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും വിമതരിൽ ചിലർ പറഞ്ഞു.അതേസമയം, എൻസിപിയുമായും കോൺഗ്രസുമായുള്ള ഭരണ സഖ്യത്തിൽ നിന്ന് പിൻമാറുന്ന കാര്യം പരിഗണിക്കുമെന്നും വിമതർ 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്നും ശിവസേനയുടെ വക്താവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. എംഎൽഎമാർ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി വിഷയം ചർച്ച ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്നും റാവത്ത് പറഞ്ഞു.