പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ഖാര്‍ഗെ, പകരം ഇനി ആര്?

 
congress
കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ മല്ലികാര്‍ജുൻ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന കത്ത് രാജ്യസഭാ ഉപാധ്യക്ഷന് ഖാർഗെ കൈമാറി.

ജയ്പൂര്‍ സമ്മേളനത്തിൽ എടുത്ത ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മല്ലികാര്‍ജുൻ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തിൽ പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുൾ വാസ്നിക് എന്നിവരിൽ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിച്ചേക്കും.


മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പിന്‍ഗാമിയായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകുന്നത് ആരായിരിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അതേസമയം ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ഒരു നേതാവിന് നറുക്ക് വീണേക്കാം എന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ദിഗ്വിജയ സിംഗ്, പ്രമോദ് തിവാരി, മഹാരാഷ്ട്രയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്ക് എന്നിവരായിരിക്കും പാര്‍ട്ടിയുടെ പ്രഥമ പരിഗണനയില്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ലോക്‌സഭയില്‍ നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയാണ് പ്രതിപക്ഷ നേതാവ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനാകാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ഒരാളെ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാട്ടിയേക്കും എന്നാണ് വിവരം. പ്രാദേശിക സമവാക്യങ്ങള്‍ സന്തുലിതമാക്കാനായിട്ടാണ് ഇത്.
എന്നാല്‍ ഇത് കാര്യമായി പരിഗണിക്കുന്നില്ല എങ്കില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം എം പി ശശി തരൂരും മത്സരത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ 17 ന് വോട്ടെടുപ്പും 19 ന് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും. ശശി തരൂര്‍ ആദ്യം മുതലെ മത്സരരംഗത്തുണ്ടാകും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ മറുവശത്ത് അശോക് ഗെലോട്ട്, ദ്വിഗ് വിജയ് സിംഗ്, മുകുള്‍ വാസ്‌നിക്ക് എന്നിവരുടെ പേര് മാറി വന്നു. ഒടുവില്‍ വെള്ളിയാഴ്ചയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ചിത്രത്തില്‍ തെളിഞ്ഞ് വന്നത്.