ലാലുപ്രസാദ് യാദവിന് 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും

 
lalu

ശിക്ഷ വിധിച്ചത് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ

കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) ആചാര്യൻ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്. 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ സി.ബി.ഐ കോടതിയുടേതാണ് വിധി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

1995-96 കാലഘട്ടത്തില്‍ ബാഗല്‍പ്പൂരിലെ ഡുറാന്‍ഡോ ട്രഷറിയില്‍ നിന്നും അനധികൃതമായി 139.5 കോടിരൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് അഞ്ചാമത്തെ കാലിത്തീറ്റ കുംഭക്കോണക്കേസ്. ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ കോടികളുടെ കാലിത്തീറ്റ കുഭംക്കോണം അരങ്ങേറിയത്. മറ്റ് നാലു കാലിത്തീറ്റ കുംഭകോണക്കേസുകളിലും ശിക്ഷിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

കേസിൽ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വർഷത്തിനുശേഷമാണ് അന്തിമവിധി പുറത്തുവരുന്നത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വാദംകേൾക്കലിന് ഹാജരായത്. കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ലാലുപ്രസാദ് യാദവിന്റെ മകൻ രംഗത്തെത്തി. തന്റെ പിതാവിനെ കുടുക്കിയതാണെന്നും യഥാർത്ഥ പ്രതികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ലാലുവിന്റെ ഇളയമകൻ തേജ് പ്രതാപ് യാദവ് പ്രതികരിച്ചു.

ലാലു പ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജീവിതത്തെ മാറ്റിമറിച്ച അഴിമതിക്കേസായിരുന്നു കാലിത്തീറ്റ കുംഭകോണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട നാല് കേസുകളിലും യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. 2017 മുതൽ മൂന്നര വർഷക്കാലം അദ്ദേഹം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതും ശിക്ഷ പ്രഖ്യാപിച്ചതും.