മുലായം സിംഗ് യാദവിന്റെ സംസ്കാരം ഇന്ന്

 
sp
അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നല്‍കും.

സംസ്കാരം അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായിയില്‍ ഉച്ചതിരിഞ്ഞ് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് സംസ്കാരചടങ്ങില്‍ പങ്കെുടുക്കും.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുനാളായി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുലായം സിംഗ് യാദവിന്‍റെ അന്ത്യം തിങ്കളാഴ്ച രാവിലെ 8:15 ന് സംഭവിക്കുകയായിരുന്നു.

മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം അറിയിച്ചത്. മുലായം സിങ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന്‌ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പിന്നാക്കവിഭാഗങ്ങൾക്ക്‌ സാമൂഹികനീതിയെന്ന ആശയം ജ്വലിപ്പിച്ച്‌ ദേശീയരാഷ്‌ട്രീയത്തെയും ഉത്തർപ്രദേശിനെയും പതിറ്റാണ്ടുകൾ ചലനാത്മകമാക്കിയ സോഷ്യലിസ്‌റ്റ്‌ നേതാവായിരുന്നു മുലായം സിങ്‌ യാദവ്‌ . മൂന്ന്‌ തവണ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായ അദ്ദേഹം ദേവഗൗഡ, ഐ കെ ഗുജ്‌റാൾ സർക്കാരുകളിൽ പ്രതിരോധമന്ത്രിയുമായി. സമാജ്‌വാദി പാർടി സ്ഥാപകനാണ്‌. 10 തവണ നിയമസഭയിലേയ്‌ക്കും ഏഴ്‌ തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യമാർ: പരേതരായ മാലതി ദേവി, സാധന ഗുപ്‌ത. ഉത്തർപ്രദേശ്‌ മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർടി ദേശീയ അധ്യക്ഷനുമായ അഖിലേഷ്‌ യാദവ്‌ മകനാണ്‌.

അണികൾക്കിടയിൽ ‘നേതാജി’ എന്നറിയപ്പെട്ടിരുന്ന മുലായത്തിന്‌ എല്ലാ രാഷ്‌ട്രീയപാർടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു. കേന്ദ്രത്തിൽ മുന്നണിസർക്കാരുകൾ രൂപീകരിക്കുന്നതിൽ ഈ ബന്ധം നിർണായകമായി. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർ കിഷൻസിങ്‌ സുർജിത്തും മുലായവും തമ്മിൽ നിലനിന്ന സൗഹൃദം പ്രസിദ്ധമാണ്‌.

രാം മനോഹർ ലോഹ്യയുടെയും രാജ്‌നാരായണന്റെയും ആശയങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത്‌ സജീവമായ മുലായം അടിയന്തരാവസ്ഥയിൽ 19 മാസം ജയിൽവാസം അനുഷ്‌ഠിച്ചു. 28–ാം വയസ്സിൽ, 1967ൽ ജസ്വന്ത്‌നഗറിൽനിന്ന്‌ ആദ്യമായി നിയമസഭാംഗമായി. സംയുക്ത സോഷ്യലിസ്‌റ്റ്‌ പാർടി സ്ഥാനാർഥിയായാണ്‌ ജയിച്ചത്‌.

പിന്നീട്‌ ഭാരതീയ ക്രാന്തിദൾ, ഭാരതീയ ലോക്‌ദൾ, ജനതാദൾ, സമാജ്‌വാദി പാർടി എന്നീ പാർടികളുടെ സ്ഥാനാർഥിയായി ആറ്‌ തവണ കൂടി ജസ്വന്ത്‌ നഗറിനെ പ്രതിനിധാനം ചെയ്‌തു. ജനതാദൾ പരീക്ഷണത്തിനുശേഷം 1992ലാണ്‌ സ്വന്തം മുൻകയ്യിൽ സമാജ്‌വാദി പാർടി രൂപീകരിച്ചത്‌. 1996, 2007, 2009 തെരഞ്ഞെടുപ്പുകളിലും ജയിച്ച്‌ നിയമസഭയിലെത്തി. 1989–91, 1993–95, 2003–07 കാലങ്ങളിലാണ്‌ മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്‌.

മെയിൻപുരിയിൽനിന്ന്‌ ലോക്‌സഭയിൽ എത്തിയ മുലായം ഐക്യമുന്നണി സർക്കാരിൽ പ്രതിരോധമന്ത്രിയായി. ദേശീയരാഷ്‌ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം 2003ൽ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ മടങ്ങി. 2009 മുതൽ വീണ്ടും തുടർച്ചയായി ലോക്‌സഭയിലെത്തി. 2012ൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിക്ക്‌ ഭരണം ലഭിച്ചപ്പോൾ അഖിലേഷാണ്‌ മുഖ്യമന്ത്രിയായത്‌.