തെലങ്കാനയില്‍ 'ഓപ്പറേഷൻ കമലം'; പിന്നിൽ തുഷാർ വെള്ളാപ്പള്ളി; തെളിവുണ്ടെന്നു കെസിആ‍ര്‍

 
SNDP

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ബിജെപിക്ക് വേണ്ടി ടിആർഎസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചെന്നാണ് ആരോപണം.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.




തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ച കെസിആർ, നാല് എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞു.

തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ, എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രത്യേക വാർത്താസമ്മേളനം വിളിച്ചാണ് കെസിആർ വിഡിയോ പുറത്തുവിട്ടത്. വിഡിയോ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ഉന്നത ജഡ്ജിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.



രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവരെയാണു പൊലീസ് പിടികൂടിയത്.