ബീഹാറില്‍ ഉവൈസിക്ക് തിരിച്ചടി?

അഞ്ചില്‍ നാല് പാര്‍ട്ടി എംഎല്‍എമാരും ആര്‍ജെഡിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
 
 
up
ബീഹാറിലെ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ അഞ്ച് എംഎല്‍എമാരാണ് സംസ്ഥാനത്ത് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്കുള്ളത്. ആര്‍ജെഡി ഉന്നത നേതൃത്വവുമായി ഈ എംഎല്‍എമാര്‍ സജീവ ബന്ധം പുലര്‍ത്തുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഈ എംഎല്‍എമാര്‍ ആശങ്കയിലാണ്. ഉത്തര്‍പ്രദേശില്‍ 90ലധികം സീറ്റുകളില്‍ മത്സരിച്ചിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെന്ന് എംഎല്‍എമാര്‍ക്ക് അറിയാമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞുതങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ബിജെപി 'ബി ടീം' ആണ് എഐഎംഐഎം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ബീഹാറില്‍ 20ലധികം സീറ്റുകളില്‍ ആര്‍ജെഡിയുടെ വിജയം തടഞ്ഞ എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിക്കുകയായിരുന്നു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തര്‍പ്രദേശിലും എഐഎംഐഎം മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഒരു സ്വാധീനവും ചെലുത്താനായില്ല. ബംഗാളിലും സമാന അവസ്ഥയാണ് എഐഎംഐഎം നേരിട്ടത്.

ഇതേ പ്രകടനം 2025ലെ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ തങ്ങളുടെ ഭാവി അപകടത്തിലാവുമെന്നാണ് എംഎല്‍എമാര്‍ കരുതുന്നത്. ഇതിനെ തുടര്‍ന്നാണ് ആര്‍ജെഡിയുമായുള്ള ലയനം എന്നതിലേക്ക് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്.
ഈ എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക് എത്തിയാല്‍ സംസ്ഥാനത്തെ വലിയ ഒറ്റകക്ഷിയായി മാറും. നിലവില്‍ 76 എംഎല്‍എമാരാണ് ആര്‍ജെഡിക്കുള്ളത്. വികാസ് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ ലയിച്ചതോടെ ബിജെപിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ വലിയ ഒറ്റകക്ഷി.