പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതില്‍ അഭിനന്ദിച്ച് മോദി

 
P T

രാജ്യസഭാംഗമായി ഒളിമ്പ്യന് പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പിടി ഉഷ പ്രധാനമന്ത്രിയെ കണ്ടു. ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് പിടി ഉഷ പറഞ്ഞു.

കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്പോര്ടസിന്‍റെ വളര്‍ച്ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടിഷയുടെ കുടുംബവും പാർലമെന്റിൽ എത്തിയിരുന്നു.

പി ടി ഉഷയ്ക്ക് പുറമെ സംഗീതസംവിധായകന്‍ ഇളയരാജ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്, ജീവകാരുണ്യപ്രവര്‍ത്തകനായ വീരേന്ദ്രഹെഗ്ഡെ എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.