കോൺഗ്രസിന് നിർദ്ദേശങ്ങളുമായി പ്രശാന്ത് കിഷോർ

 
Prasanth kosher
നിലവിലെ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കോമ്‍ഗ്രസിന് നിർദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇനി കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കിഷോർ.2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോൺഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുൻപിൽ പ്രശാന്ത് കിഷോർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. 
പഴയ പ്രതാപമില്ലാത്ത കോൺഗ്രസ് (Congress) പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിർദ്ദേശമാണ് പ്രശാന്ത് കിഷോർ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചതായാണ് വിവരം. എന്നാലിക്കാര്യത്തിൽ പാ‍ര്‍ട്ടിക്കുളളിൽ നിന്നും അംഗീകാരം ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. 
കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രശാന്ത് കിഷോർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. 
മേഘാലയിൽ പ്രശാന്ത് കിഷോറിന്റെ ചരടുവലിയിൽ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തൃണമൂൽ കോൺഗ്രസിൽ പോയതോടെ അകൽച്ച പൂർണമായി. എന്നാൽ ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിർത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്. താൻ പാർട്ടിയിലേക്ക് എത്തണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ ആവശ്യപ്പെട്ടതായാണ് വിവരം.