രാഷ്ട്രപതി തിരഞ്ഞെടുപ്പ്: 'പൊതു സ്ഥാനാര്‍ത്ഥിയ്ക്കായി കോണ്‍ഗ്രസ് ശ്രമം

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസാണ് ചർച്ചകൾക്ക് നേത്യത്വം നൽകുന്നത്. വിജയ സാധ്യത ഇല്ലാത്തതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഐക്യ പ്രകടനത്തിനുള്ള വേദിയാണ് പ്രതിപക്ഷത്തിന് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആരെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് സമവായമുണ്ടാക്കാനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഡിഎ ഇതര കക്ഷികളുടെ മനസ്സ് കണ്ടെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥാനാര്‍ത്ഥികളുടെ സാധ്യതയുള്ള പേരുകള്‍ കണ്ടെത്തുകയും ചെയ്യും.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും . ഫലം ജൂലൈ 21 ന് പ്രഖ്യാപിക്കും. നിലവിലുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 നാണ് അവസാനിക്കുക. തെരഞ്ഞെടുപ്പില്‍ ആകെ 4,809 വോട്ടുകളാണുള്ളത് . ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞു.
ജൂണ്‍ 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ജൂണ്‍ 29 വരെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശിച്ചയാള്‍ക്കോ അല്ലെങ്കില്‍ പിന്തുണയ്ക്കുന്നവര്‍ക്കോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
776 എംപിമാരും 4,033 എംഎല്‍എമാരും ഉള്‍പ്പെടുന്ന 4,809 വോട്ടര്‍മാരാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക. ഇതില്‍ 233 രാജ്യസഭാംഗങ്ങളും 543 ലോക്സഭാംഗങ്ങളും ഉള്‍പ്പെടുന്നു.
ലോക്സഭയിലെയും രാജ്യസഭയിലെയും അതുപോലെ തന്നെ പല സംസ്ഥാന അസംബ്ലികളിലെയും ശക്തി നോക്കുമ്പോള്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് കാര്യമായ ഭീഷണിയില്ല. പ്രതീക്ഷയില്ലെങ്കിലും പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്, ഇത് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുകയാണ്.