പ്രിയങ്ക ഗാന്ധി രാജ്യസഭ സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

 
Gandhi

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭ സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഉത്തര്‍പ്രദേശില്‍ മികച്ച പ്രചരണം നയിച്ച പ്രിയങ്ക ഗാന്ധി മോഡി സര്‍ക്കാരിനെ നേരിടാന്‍ സഭയിലും വേണമെന്ന പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ആവശ്യമാണ് ഇത്തരമൊരു ആലോചനക്ക് പിന്നില്‍. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം അഹമ്മദ് പട്ടേല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് പ്രിയങ്കയെ പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ സ്വജനപക്ഷപാതിത്വം എന്ന ആരോപണം ബിജെപി ഉന്നയിച്ചേക്കും എന്ന സാധ്യതയെ മുന്നില്‍ കണ്ട് പ്രിയങ്കയെ ഗുജറാത്തില്‍ നിന്ന് എംപിയാക്കുക എന്ന ആശയത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറുകയായിരുന്നു.ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടത്തിയ വലിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക ഗാന്ധിയെ ദേശീയ നേതാവായി ഉയര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. യുപിക്ക് പുറമേയുള്ള സംസ്ഥാനങ്ങളിലും പ്രിയങ്ക ആവേശകരമായ പ്രചരണമാണ് നടത്തിയത്. ഇത് കൊണ്ട് തന്നെ സ്വജനപക്ഷപാതിത്വം എന്ന ആരോപണം ബിജെപിക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

അത് കൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാനുള്ള സമയമായി എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. രാജ്യസഭയ്ക്കകത്ത് കോണ്‍ഗ്രസിനെ നയിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുക്കുക എന്നതായിരിക്കും പ്രിയങ്കക്കുള്ള ഉത്തരവാദിത്വം.