രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത;

25 മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍, വെള്ളിയാഴ്ച്ചയും ഹാജരാകണം

 
rehul
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് ഒന്‍പത് മണിക്കൂറാണ് രാഹുലിനെ ഇഡി സംഘം ചോദ്യം ചെയ്തത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധി ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായത്. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ രാഹുല്‍ വീണ്ടും ഇഡി ആസ്ഥാനത്ത് മടങ്ങിയെത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇത് ഇഡി അംഗീകരിച്ചിരുന്നില്ല.
ഇന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടിയിരുന്നു. രാഹുലിനെ ചോദ്യം ചെയ്യവെയാണ് എഐസിസി ആസ്ഥാനത്ത് പൊലീസും നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം തേടിയേക്കും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയ.