രാജ്യസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ കോൺ​ഗ്രസിന് മൂന്ന് സീറ്റിൽ ജയം; സുഭാഷ് ചന്ദ്രക്ക് പരാജയം

 
congress
രാജ്യസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ ജയം. ബിജെപി ഒരു സീറ്റിലും ജയിച്ചു. കോൺഗ്രസിന്റെ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ രാജ്യസഭയിലേക്ക് പോകും. ഘനശ്യാം തിവാരി ബിജെപിയുടെ എംപിയായി രാജ്യസഭയിലേക്ക് പോകും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി ഗ്രൂപ്പ് മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. ബിജെപി അറിവോടെയാണ് സുഭാഷ് ചന്ദ്ര മത്സരത്തിനിറങ്ങിയത്. നാല് രാജ്യസഭ സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്. സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു. ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനിൽ കോൺഗ്രസ് വലിയ വിജയം നേടിയത്. കുതിരക്കച്ചവടം ഭയന്ന് എംഎൽ‍എമാരെ കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.
സുഭാഷ് ചന്ദ്രക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് നിലവിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ വിപ്പ് നൽകിയതോടെ കോൺഗ്രസിന് പരാജയ ഭീതിയുണ്ടായിരുന്നു. രാജസ്ഥാനിൽ ചെറിയ പാർട്ടികളുടേയും സ്വതന്ത്ര്യരുടേയും നിലപാട് നിർണായകമായിരുന്നു. 108 പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 126 എം എൽ എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.