ബിസിസിഐ സ്ഥാനത്ത് നിന്ന് നീക്കൽ; വിവാദങ്ങളോട് പ്രതികരിച്ച് ഗാംഗുലി

 
BCCI
ബി.ജെ.പിക്ക് വഴങ്ങാത്തതിനാലാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആരോപണത്തോട് പ്രതികരിച്ച് സൗരവ് ഗാംഗുലി. ദീർഘകാലം ഈ പദവിയിൽ തുടരാൻ കഴിയില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ സ്ഥാനത്ത് ഇരിക്കാനും സാധ്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധാരാളം കളിക്കാനായി,ഭരണത്തിലും ഉണ്ടായിരുന്നു. ഇനി മറ്റെന്തെങ്കിലും ചെയ്യണമെന്നും ഗാംഗുലി പറഞ്ഞു. ബി.സി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനെച്ചൊല്ലി ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് തമ്മിൽ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം.

ഗാംഗുലി ബി.ജെ.പിയിൽ ചേരാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താൻ ആയിരുന്നു. എന്നാൽ ഗാംഗുലി ബി.ജെ.പിയിൽ ചേരില്ലെന്ന് മനസിലായതോടെ പകപോക്കലിന്‍റെ ഭാഗമായാണ് പുറത്താക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് എംപി ശന്തനു സെൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയത്.

എന്നാൽ ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി പറഞ്ഞു. ഗാംഗുലിയെ അമിത് ഷാ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു.