പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റിസർവ് ബാങ്ക് ഗവര്‍ണര്‍

 
RBI

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നവംബർ 16ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വായ്പാ വളർച്ചയുടെ സുസ്ഥിരത എന്ന വിഷയം ചർച്ച ചെയ്യാനാണ് ഗവർണറുടെ യോഗം. വായ്പാ വളർച്ച വർദ്ധിച്ചിട്ടും നിക്ഷേപ വളർച്ച മന്ദഗതിയിലാകുന്ന പ്രശ്നത്തെക്കുറിച്ച് അദ്ദേഹം ബാങ്കർമാരുമായി ചർച്ച ചെയ്യും.

ഡിമാൻഡ് വർദ്ധന കാരണം ഇന്ത്യയുടെ വായ്പാ വളർച്ച ഇന്ന് റെക്കോർഡ് ഉയരത്തിലാണ്. 18% ക്രെഡിറ്റ് വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപങ്ങൾ 9.5 ശതമാനം മാത്രമാണ് വളർന്നത്. നിലവിൽ, റിസർവ് ബാങ്ക് വിലക്കയറ്റം തടയുന്നതിനായി പലിശ നിരക്കുകൾ വർദ്ധിപ്പിക്കുകയാണ്. ഇതുവരെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 190 ബേസിസ് പോയിന്‍റ് ഉയർത്തിയിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന അടുത്ത ധനനയ യോഗത്തിൽ റിപ്പോ നിരക്ക് കൂടുതൽ ഉയർത്തിയേക്കും.

നിക്ഷേപ വളർച്ചയുടെ പ്രശ്നങ്ങൾക്കൊപ്പം ബാങ്കിംഗിലെ സാങ്കേതിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ പ്രവർത്തനത്തെക്കുറിച്ചും റിസർവ് ബാങ്ക് ഗവർണർ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി ചർച്ച നടത്തിയേക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിന് മുമ്പ് ബാങ്കിംഗ് മേഖല എത്രത്തോളം സജ്ജമാണെന്നും റിസർവ് ബാങ്ക് അവലോകനം ചെയ്യും.