കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും; മത്സരിക്കാൻ അനുമതി

 
sasi

തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ തരൂരിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളതെന്നും സോണിയ തരൂരിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മത്സരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു ശശി തരൂർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തുനിന്നും പിൻമാറുമെന്നും തരൂർ അറിയിച്ചിരുന്നു. ജി 23 സംഘത്തിന്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.

അശോക് ഗെലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താൽപര്യമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഗെലോട്ട് നിർദേശിക്കുന്ന ആളെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജിക്കുന്നില്ല.

അതേസമയം,  മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി  കോണ്‍ഗ്രസ് ഘടകങ്ങള്‍ കൂടി രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാന്‍, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുൽ ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.

ഈ മാസം 22നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തിരഞ്ഞെടുപ്പു നടക്കും.