ഓപ്പറേഷൻ ഗംഗ വിജയപഥത്തിൽ സുമിയിൽ അകപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

 
murali

ഉക്രൈനിലെ സുമിയിൽ അകപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള  മുഴുവൻ ഇന്ത്യക്കാരെയും ഓപ്പറേഷൻ ഗംഗയുടെ ശ്രമഫലമായി  രക്ഷപ്പെടുത്താൻ സാധിച്ചു എന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ. 

സുമിയിൽ നിന്ന് പാൽട്ടോവയിലേക്കും അവിടെ നിന്ന് തീവണ്ടി മാർഗം ലിവൈവിലേക്കും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്ന ഏറെ കഠിനമായ വെല്ലുവിളിയാണ്
വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തത്. ഉക്രൈൻ അതിർത്തി കടന്ന്  പോളണ്ടിൽ എത്തുന്ന വിദ്യാർഥികളെ ഉടൻ നാട്ടിലെത്തിക്കും. ഇതോടുകൂടി 
ഉക്രൈനിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ച മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു .

ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ ഇതിനകം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി തിരികെ കൊണ്ടുവരാൻ സാധിച്ചു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ  വഴിയൊരുക്കിയത്.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരിട്ട്  ദൗത്യത്തിന് മേൽനോട്ടം വഹിച്ചു. എല്ലാ ഭാരതീയരുടെയും 
സുരക്ഷ ഉറപ്പ് വരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് കഴിഞ്ഞുവെന്നത് ഏറെ സന്തോഷം ഉളവാക്കുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു .

രക്ഷാ ദൗത്യത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകിയതെന്നും മുരളീധരൻ പറഞ്ഞു . വിമർശനങ്ങളെ അതിജീവിച്ചാണ് ലക്ഷ്യം പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.