ഹരിയാനയിലെ കര്‍ണാലില്‍ മഹാ ഒത്തുകൂടല്‍ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു.


സെപ്റ്റംബര് 7 ന് ചൊവ്വാഴ്ച ഹരിയാനയിലെ കര്ണാലില് കര്ഷക സംഘടനകള് ആഹ്വാനം ചെയ്ത പ്രതിഷേധം കണക്കിലെടുത്ത് അധികൃതര് ജില്ലയിലെ ക്രിമിനല് നടപടി ചട്ടം സെക്ഷന് 144 പ്രകാരം വലിയ ഒത്തുകൂടലുകളും മറ്റും നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ആഗസ്റ്റ് 28 ന് നടന്ന കര്ഷകര്ക്കെതിരായ ലാത്തിച്ചാര്ജില് പ്രതിഷേധിച്ചുകൊണ്ടാണ് കര്ഷക സംഘടനകള് കര്ണാലില് ഒരു റാലി ആസൂത്രണം ചെയ്തത്.
ഹരിയാന മുഖ്യമന്ത്രി മനോഹര് ലാല്ഖട്ടാര് കര്ണാലില് നടക്കുന്ന ബിജെപി യോഗത്തില് പങ്കെടുക്കാന് തീരുമാനിച്ച ദിവസം പ്രതിഷേധം നടത്തിയ കര്ഷകര്ക്ക് നേരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ണാലിനടുത്തുള്ള ബസ്താര ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ തടിച്ചുകൂടിയതിനു പിന്നാലെ പോലീസ് നടപടിയില്‍ പത്തോളം കര്‍ഷകര്‍ക്ക് പരിക്കേറ്റു.
ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന്, ഹരിയാനയിലുടനീളമുള്ള എല്ലാ ഹൈവേകളും ടോള്‍ പ്ലാസകളും ഉപരോധിക്കാന്‍ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) കര്‍ഷകരോട് ആഹ്വാനം ചെയ്യുകയും പോലീസ് തടഞ്ഞുവച്ച കര്‍ഷകരെ മോചിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ ‘പ്രതിഷേധക്കാരുടെ തല തകര്‍ക്കാന്‍’ പോലീസിനോട് ആജ്ഞാപിക്കുന്നത് വ്യക്തമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), ഹരിയാന സര്‍ക്കാരിനോട് ആയുഷ് സിന്‍ഹയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യപ്പെടുകയും, പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ലാത്തിച്ചാര്‍ജ് മൂലം മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ടു . തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ ഏഴിന് കര്‍ണാല്‍ സെക്രട്ടേറിയറ്റില്‍ ഘെരാവോ പ്രതിഷേധം ആരംഭിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടി ഒരു ഭരണപരമായ കാര്യമാണ്, എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തന്റെ വാക്കുകള്‍ തിരഞ്ഞെടുത്ത രീതി തെറ്റായിരുന്നതായും സംഭവത്തെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. എന്നിരുന്നാലും ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശനത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം ഹരിയാന സര്‍ക്കാര്‍ സിറ്റിസണ്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഡീഷണല്‍ സെക്രട്ടറിയായ കര്‍ണാല്‍ എസ്ഡിഎം ആയുഷ് സിന്‍ഹ ഉള്‍പ്പെടെ 19 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.പ്രതിഷേധിച്ച കര്‍ഷകരുടെ തലയില്‍ അടിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ‘പലയിടത്തും കല്ലേറ് തുടങ്ങിയതിനാല്‍.. ബലം പ്രയോഗിക്കാനാണ് ബ്രീഫിംഗിനിടെ പറഞ്ഞത്.’ എന്നായിരുന്നു ആയുഷ് സിന്‍ഹയുടെ പ്രതികരണം.
പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനം നടത്തുകയും സംഭവത്തെക്കുറിച്ച് ജില്ലാ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും പാര്‍ട്ടി അറിയിച്ചു. ഹരിയാന കോണ്‍ഗ്രസിന്റെ പരാതിയില്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവങ്ങള്‍ സംബന്ധിച്ച് കര്‍ണാലിലെ ഡെപ്യൂട്ടി കമ്മീഷണറിലും പോലീസ് സൂപ്രണ്ടിനോടും പ്രതികരണം തേടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഇങ്ങനെ ട്വീറ്റ് ചെയ്യുകയുണ്ടായി. ‘വീണ്ടും, കര്‍ഷകരുടെ രക്തം ചൊരിഞ്ഞു, ഇന്ത്യയ്ക്ക് നാണക്കേട് വരുത്തി.’ എന്ന്,
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഞായറാഴ്ച നടന്ന കിസാന്‍ മഹാഒത്തുകൂടലിനെ തുടര്‍ന്നാണ് കര്‍ണാലില്‍ 144 വകുപ്പ് ചുമത്താനുള്ള തീരുമാനം ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ സെപ്റ്റംബര്‍ 7 ന് കര്‍ണാള്‍ ഒത്തുചേരലിനുള്ള എസ്,കെ,എം ന്റെ ആഹ്വാനത്തെ പിന്തുണയ്ക്കാന്‍ ശക്തി തെളിയിച്ച് കര്‍ഷകരുടെ വലിയ സഘം തന്നെ ഒത്തുകൂടിയിരുന്നു.