ഭൂപേന്ദ്രയുടെ സത്യപ്രതിജ്‍ഞയിൽ അമിത് ഷാ പങ്കെടുക്കും
![ഭൂപേന്ദ്രയുടെ സത്യപ്രതിജ്‍ഞയിൽ അമിത് ഷാ പങ്കെടുക്കും](https://woneminute.com/static/c1e/client/93393/migrated/71c4fdeca65506a22f1dda0954e36147.jpg)
ഗുജറാത്തിൽ നരേന്ദ്ര മോദി– അമിത് ഷാ പോരാണെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടെ, പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു ഷാ എത്തുമെന്നു സൂചന. തിങ്കളാഴ്ച ഗുജറാത്തിന്റെ പതിനേഴാം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സ്ഥാനമേൽക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 2.20നാണ് സത്യപ്രതിജ്ഞ ചെയ്യാൻ ഭൂപേന്ദ്ര പട്ടേലിനെ ഗവർണർ ആചാര്യ ദേവവ്രത് ക്ഷണിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പദവിക്ക് അവകാശവാദമുന്നയിച്ചു ഭൂപേന്ദ്ര പട്ടേൽ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഗവർണറെ കണ്ടത്. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനായ പട്ടേൽ, ഘാട്ട്‌ലോഡിയ മണ്ഡലത്തിൽനിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണു ജയിച്ചത്. സംസ്ഥാനത്തെ പ്രബലരായ പട്ടേൽ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായി ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നു.
രൂപാണിയുടെ ഭരണത്തിൽ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു. പട്ടേൽ വിഭാഗത്തിലെ കഡ്‌വ ഉപസമുദായ അംഗമാണു ഭൂപേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താൽപര്യമുള്ളയാളാണ്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പട്ടേൽ, അഹമ്മദാബാദ് വികസന അതോറിറ്റി ചെയർമാനായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ അവസാന വാക്കായിരുന്ന അമിത് ഷായെ മറികടന്നാണു പട്ടേലിന്റെ നിയമനമെന്നു സംസാരമുണ്ട്. ഷാ ഇടപെട്ട് രാജിവയ്പിച്ച ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണു ഭൂപേന്ദ്ര എന്നതാണ് ഇതിനു കാരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്.