വിമര്‍ശന കൊടുങ്കാറ്റിലും അധികാരത്തില്‍ കടിച്ചുതൂങ്ങി ബിരേന്‍ സിങ്; ഒടുവില്‍ അവിശ്വാസ പ്രമേയം ഭയന്ന് പടിയിറക്കം

തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയത്തിനു നോട്ടിസ് ലഭിച്ചതിനു പിന്നാലെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ ബിജെപി കേന്ദ്ര നേതൃത്വം അപകടം മനസിലാക്കി ബീരേന്‍ സിംഗിനോട് പദവി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ബിരേന്‍ സിങിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. കൂടിക്കാഴ്ച്ചയില്‍ രാജി എന്ന ആവശ്യം ഉയര്‍ന്നതോടെ ബിരേന്‍ സിങിനു മുന്നില്‍ മറ്റു വഴികള്‍ അടയുകയായിരുന്നു. രാജി സ്വീകരിച്ചതിനു പിന്നാലെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഡല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്. മണിപ്പുര്‍ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.