പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് മൂന്നാഴ്ചത്തെ ക്യാമ്പയിനുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ആഴ്ച നീണ്ടുനില്ക്കുന്ന ക്യാമ്പയിന് സംഘടിപ്പിച്ച് ബിജെപി. മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനവും ഭരണാധികാരി ആയതിനുശേഷമുള്ള 20 ാം വാര്ഷിക ആഘോഷവും നടത്തുന്നതിനിടയിലാണ് മൂന്നാഴ്ചത്തെ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മോദിയുടെ ചിത്രം പതിപ്പിച്ച 14 കോടി റേഷന് കിറ്റുകള് വിതരണം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും മോദിയോട് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് കാര്ഡുകള് അയക്കുകയും മലിനമായ 71 നദികള് ശുദ്ധീകരിക്കുകയും ചെയ്യും. ഇതുകൂടാതെ വ്യാപകമായ സോഷ്യല്മീഡിയ ക്യാമ്പയിനും ബിജെപി സംഘടിപ്പിക്കും. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാര്‍ട്ടി എല്ലാ വര്‍ഷവും നടത്തുന്ന ‘സേവാ സപ്താഹ’ യുടെ പരിപാടികള്‍ക്ക് പുറമെ ആണ് ഈ വര്‍ഷം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ‘സേവാ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന പേരിലാണ് ക്യാമ്പയിന്‍ ആചരിക്കുന്നത്.
കോവിഡ് മഹാമാരി മൂലമുണ്ടായ ദുരിതങ്ങളും മരണങ്ങളും ഇന്ത്യന്‍ ജനതയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് മോദി സര്‍ക്കാറില്‍ ഉള്ള വിശ്വാസത്തെ പോലും ബാധിച്ചിട്ടുണ്ട് എന്ന സംസാരം പാര്‍ട്ടിക്കുള്ളിലും ഉയരുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി ബിജെപി വരുന്നത്. അടുത്ത വര്‍ഷം ആദ്യം നടത്താനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി , കോവിഡ് രണ്ടാം തരംഗത്തില്‍ കനത്ത തിരിച്ചടി നേരിട്ട പാര്‍ട്ടിയെയും അണികളെയും ഊര്‍ജ്ജസ്വലമാക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗം കുറയുകയും 70 കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനെങ്കിലും ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരമൊരു പ്രചാരണം പാര്‍ട്ടിയുടെ പ്രതിഛായയില്‍ മാറ്റം വരുത്താന്‍ സഹായിക്കും എന്നാണ് പാര്‍ട്ടി കരുതുന്നു.
പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള റേഷന്‍ കിറ്റുകള് വിതരണം ചെയ്യുന്നത് ‘ ഗരീബോണ്‍ കെ മസിഹ ഹേ ‘ എന്ന ക്യാമ്പയിനിനെ ശക്തിപ്പെടുത്താന്‍ സഹായിക്കും എന്ന് യോഗത്തില്‍ സിങ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.