മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ഇന്ത്യ സഖ്യം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
 
EC
സിസിടിവികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോയെന്ന് നടന്‍ പ്രകാശ് രാജ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.


 വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നോട് സത്യവാങ്മൂലം ചോദിച്ച കമ്മീഷന്റെ സത്യവാങ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യന്‍ ജനത പാഠം പഠിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മോഷണം കൈയോടെ പിടികൂടിയെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരുമെന്നും ബിഹാറിലെ ഗയയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. വസിര്‍ഗഞ്ചിലെ പുനാമയില്‍ തുടങ്ങി ബര്‍ബിഘയില്‍ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി.

സിസിടിവികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോയെന്ന് നടന്‍ പ്രകാശ് രാജ്.  വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ മറുപടിക്കെതിരേ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. പോളിങ് ബൂത്ത് വസ്ത്രം മാറുന്ന മുറിയല്ലെന്നും നിങ്ങളുടെ സൗകര്യപൂര്‍വമുള്ള ഒഴിവുകഴിവുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഞങ്ങള്‍ക്ക് ആവശ്യം സുതാര്യതയാണെന്നും  പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു. അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ടുചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെക്കണോയെന്ന് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദിച്ചിരുന്നു. ഇതിന് മറുചോദ്യവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.