സിസോദിയയുടെ അറസ്റ്റിനെതിരായ എഎപി മാർച്ചിൽ സംഘർഷം

പാർട്ടി ആസ്ഥാനത്ത് നിരോധനാജ്ഞ
 
aap

മദ്യനയത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസുകാരെ മർദ്ദിച്ചു. പൊലീസ് മാർച്ച് തടഞ്ഞു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ഇതിനിടെ ആം ആദ്മി പാർട്ടി ഓഫീസിൽ പ്രവേശിച്ച പൊലീസിനെ പ്രവർത്തകർ തള്ളി പുറത്താക്കി. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയും എറിഞ്ഞു. പാർട്ടി ഓഫീസിൽ കയറിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നേതാക്കൾ ഭീഷണി മുഴക്കി. സംഘർഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചു.

സിസോദിയയുടെ അറസ്റ്റിനെതിരെ ഡൽഹിക്ക് പുറമേ ബെംഗളൂരു, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവയുൾപ്പെടെയുള്ള നിരവധി നഗരങ്ങളിലും ആം ആദ്മി പ്രവർത്തകർ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി ഇന്ന് കരിദിനം ആചരിക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം മനീഷ് സിസോദിയയെ ഇന്ന് വൈകിട്ടോടെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് സാധ്യത.

മനീഷ് സിസോദിയയുടെ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രതികരണം

വിയോജിപ്പിന്റെ ശബ്ദങ്ങളെ  അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ  ഏറ്റവും പുതിയ അദ്ധ്യായമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്. 

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ  രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ  ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു.   അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു.  ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.