അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രിൽ 13ലേക്ക് മാറ്റി

 
rahul

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയത്. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേട്ട് കോടതി രാഹുലിന് നേരത്തേ ജാമ്യം നൽകിയിരുന്നു.

അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്. പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുല്‍ കോടതില്‍ എത്തിയത്. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. 

ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമയാണ് അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്. മനു അഭിഷേക് സിങ്‌വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ദ സംഘമാണ് രാഹുല്‍ ഗാന്ധിക്കായി അപ്പീല്‍ തയ്യാറാക്കിയത്.

2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ‘മോദി’ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.