ഡൽഹി മദ്യനയ കേസ്; ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

 
C M

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സിസോദിയ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയിരുന്നു.

സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോദി റോഡിലുള്ള സിബിഐ ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ഫെബ്രുവരി 19ന് ഹാജരാകാൻ സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹി ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കൂടിയായ അദ്ദേഹം ഒരാഴ്ച സമയം തേടി. തുടർന്നാണ് സി.ബി.ഐ സമയം നീട്ടിയത്.

2021-2022-ലെ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് സിബിഐ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് മനീഷ് സിസോദിയ. എഎപിഐയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായര്‍, ഇന്‍ഡോ സ്പിരിറ്റ് ഗ്രൂപ്പിന്റെ സമീര്‍ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി അഭിഷേക് ബോയിന്‍പള്ളി എന്നിവരെയാണ് നേരത്തേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തത്.

മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയെയും മറ്റ് 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു.അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. 2021 നവംബര്‍ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചിരുന്നു.