ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയ്ക്ക് ജാമ്യമില്ല,

കസ്റ്റഡി കാലാവധി നീട്ടി
 
C M

മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് 10ലേക്ക് മാറ്റി. സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതിയുടെ തീരുമാനം.

ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കഴിഞ്ഞ ഞായറാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് 10 ലേക്ക് മാറ്റി.

അതേസമയം മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസം കൂടി നീട്ടാൻ കോടതി അനുമതി നൽകുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ മാനസികമായി അസ്വസ്ഥനാണെന്നും ആരോപിച്ച് കസ്റ്റഡി നീട്ടുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ കോടതിയെ സമീപിച്ചിരുന്നു.