യുട്യൂബ് നോക്കി പ്രസവിച്ചു

ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പതിനഞ്ചുകാരി
 
baby

 യൂട്യൂബ് വീഡിയോ നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പതിനഞ്ചുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി കുടുംബത്തോട് മറച്ചുവെച്ചു. അമ്മയോട് തനിക്ക് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പിന്നീട് മാർച്ച് രണ്ടിനാണ് പെൺകുട്ടി പ്രസവിച്ചത്

ആർത്തവം കൃത്യമാണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടി സാനിറ്ററി നാപ്കിനുകളും കൈയിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് രണ്ടിന് വീട്ടിൽ തനിച്ചായിരിക്കെയാണ് പതിനഞ്ചുകാരി പ്രസവിച്ചത്. ഉടൻ തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുഞ്ഞ് കരയുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ തന്നെ പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നു.

മാളിലെ ജോലിക്കാരിയായിരുന്ന അമ്മ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകളുടെ ആരോഗ്യസ്ഥിതി കണ്ട് അന്വേഷിച്ചു. മുറിയിലെ രക്തക്കറകളും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മകളെ ക്ഷീണിതയായി കാണപ്പെടുകയും ചെയ്തു. ആദ്യം ഇത് ആർത്തവ രക്തമാണെന്ന് പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.