ജിഡിപി വളർച്ച 9.2 ശതമാനം: സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വെച്ച് ധനമന്ത്രി

 
Nirmala Sitharaman_ finance minister

നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്. സേവന രംഗത്ത് നടപ്പ് സാമ്പത്തിക വർഷം 8.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗം കൊവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോക്സഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ ഫലം ഇതിന് ശേഷം വൈകീട്ട് മൂന്നരയ്ക്ക് രാജ്യസഭയുടെ മേശപ്പുറത്തും വെക്കും. രാജ്യസഭയിൽ അവതരണം കഴിഞ്ഞാൽ സാമ്പത്തിക സർവേ ഫലം പുറത്തുവിടും. ഇതോടെ പൊതുജനത്തിന് ഇതിലെ വിശദാംശങ്ങൾ അറിയാനാകും.