കര്‍ണാടകയില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചപ്പോള്‍ മോടി പോയ താമരയുടെ തണ്ടൊടിഞ്ഞു

 
congress

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചപ്പോള്‍ മോടി പോയ താമരയുടെ തണ്ടൊടിഞ്ഞു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് ഇത്തവണ കര്‍ണാടകം നല്‍കിയത്. കഴിഞ്ഞ തവണ കൈവിട്ടതിന് പ്രത്യുപകാരമായി ഇത്തവണ കൈ മുറുകെ പിടിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

ജെ ഡി എസുമായി ചേര്‍ന്ന് കഴിഞ്ഞ തവണ സര്‍ക്കാറുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസ്സില്‍ നിന്നും അംഗങ്ങളെ വിലക്കെടുത്ത് ഭരണത്തിലേറിയ ബി ജെ പിക്കുള്ള ശക്തമായ കന്നഡ മക്കളുടെ താക്കീത് കൂടിയായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബി ജെ പി ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള വ്യക്തമായ ഭൂരിപക്ഷം കര്‍ണാടക നല്‍കിയിരിക്കുന്നത്.

ലീഡ് കേവല ഭൂരിപക്ഷത്തിന് മുകളില്‍ ഉയര്‍ന്നതോടെ തന്നെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് പതാക ഉയര്‍ത്തി തെരുവില്‍ പ്രവര്‍ത്തകര്‍ ആഘോഷം പങ്കിടുകയും ചെയ്തു. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നേരത്തെ തന്നെ തുടങ്ങി. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ‘അജയ്യന്‍’ എന്ന് കോണ്‍ഗ്രസ് പങ്കുവെക്കുകയും ചെയ്തു. ‘ഞാന്‍ അജയ്യനാണ്. ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാവില്ല’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

അതിനിടെ കോണ്‍ഗ്രസ് എം എല്‍ എമാരോട് ബംഗളൂരുവിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. ബി ജെ പിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുകയെന്ന ഉദ്ദേശത്തില്‍ കൂടിയാണ് എം എല്‍ എമാരോട് ബംഗളൂരുവിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കള്‍ പ്രതികരിച്ചിരുന്നു.