അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം

 
CM delhi

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ദില്ലി ഐടിഒ ജംഗ്ഷനില്‍ എഎപി മാര്‍ച്ച് പൊലീസ് തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി അതിഷി, സൗരഭ് തരസ്വാജ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കി. ദില്ലി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബിജെപി സര്‍ക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു.