ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

 
train
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് മറിഞ്ഞ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒഡീഷയിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു.

പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30നായിരുന്നു ട്രെയിൻ സർവീസ് ആരംഭിച്ചത്. ബലസൂർ സ്റ്റേഷനിൽ 6.30ന് എത്തിച്ചേർന്നു. ഇന്ന് വൈകിട്ട് 4.50-നായിരുന്നു ട്രെയിൻ ചെന്നൈയിൽ എത്തേണ്ടിയിരുന്നത്.


അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

അതേസമയം, ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.