ഒഡീഷ ട്രെയിൻ ദുരന്തം: 40പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് പ്രാഥമിക റിപ്പോർട്ട്

 
train
കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് നിഗമനം. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊട്ടിയ വൈദ്യുതകമ്പികൾ  വീണതാകാം മരണകാരണമെന്നാണ് വിലയിരുത്തൽ.

തിരിച്ചറിയാനാകാതെ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ 40 പേരുടെ മൃതദേഹങ്ങളിൽ ശരീരത്തിൽ‌ യാതൊരുവിധത്തിലുള്ള പരുക്കും കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ ഇവരിൽ പലരും വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് നിഗമനം.’– പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.  


കംപാർട്ട്മെന്റുകൾക്കു മുകളിലേക്കു വൈദ്യുത കമ്പികൾ വീണതാണ് നിരവധിപേരുടെ മരണത്തിനു കാരണമെന്ന് റെയിൽവേ പൊലീസ് ഓഫീസർ പപ്പുകുമാർ നായിക് കഴിഞ്ഞ ദിവസം സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികൾക്കു മുകളിലേക്ക് യശ്വന്ത്പൂർ–ബെംഗളൂരു ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്പികൾ പൊട്ടിയത്. ചെന്നൈയിലേക്കുള്ള ട്രെയിൻ പാളത്തിലുണ്ടായിരുന്ന ഗുഡ്സ്ട്രെയിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.