പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. കര്ഷക പ്രക്ഷോഭം ആളിക്കത്തി നില്ക്കുന്ന സാഹചര്യത്തില് ബജറ്റ് സമ്മേളനം കേന്ദ്രസര്ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിക്കാതെ പാര്ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.രണ്ടുമാസത്തിലധികം നീണ്ടു നില്ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോള് 16 പ്രതിപക്ഷ പാര്ട്ടികള് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കി.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും പാര്‍ലമെന്‍ററികാര്യാ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ജെകെഎന്‍സി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് സംയുക്തമായി രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.