'വ്യവസ്ഥ ലംഘിച്ച് രാഷ്ട്രീയ പ്രസംഗം'; ഹാർദിക് പട്ടേലിനെ കോടതി വെറുതെവിട്ടു

 
mp

വ്യവസ്ഥ ലംഘിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി നിയമസഭാംഗം ഹാർദിക് പട്ടേലിനെ കോടതി കുറ്റവിമുക്തനാക്കി. ഗുജറാത്തിലെ ജാംനഗർ കോടതിയാണ് വെറുതെ വിട്ടത്. സംഭവത്തിൽ പട്ടേലിനെ കൂടാതെ അങ്കിത് ഘാഡി എന്നയാളും ഉണ്ടായിരുന്നു. ഇരുവരേയും ജാംനഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ് നന്ദാനിയാണ് കുറ്റവിമുക്തനാക്കിയത്.അഞ്ച് വർഷം മുമ്പ് നടന്ന ഒരു സമ്മേളനത്തിൽ അധികാരികൾ നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നായിരുന്നു കേസ്. 2017 നവംബർ 4ന് ജാംനഗർ ജില്ലയിലെ ധൂതർപൂർ ഗ്രാമത്തിൽ "വിദ്യാഭ്യാസവും സാമൂഹിക പരിഷ്കരണങ്ങളും" എന്ന വിഷയത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പട്ടേൽ.


സർക്കാർ ഉത്തരവുകൾ അനുസരിക്കാത്തതിന് ഗുജറാത്ത് പൊലീസ് ആക്ടിലെ 36(എ), 72(2), 134 എന്നീ വകുപ്പുകൾ പ്രകാരമാണ് ഹർദിക് പട്ടേലിനും അങ്കിത് ഘാഡിക്കുമെതിരെ കേസെടുത്തത്. കേസിൽ പരിപാടി കഴിഞ്ഞ് 70 ദിവസത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകാനുണ്ടായ കാരണം വിശദീകരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.