യു പി പിടിക്കാന്‍ അഖിലേഷിനൊപ്പം പ്രിയങ്കയും രാഹുലുമെത്തും

 
UP

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് പിടിക്കുകയെന്ന ലക്ഷ്യത്തില്‍ മത്സരത്തിനിറങ്ങിയ അഖിലേഷിന്റെ പാതയിലേക്ക് പ്രിയങ്കയും രാഹുലും എത്തുന്നു. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും മത്സരത്തിനിറങ്ങുമെന്നാണ് സൂചന. ഹിന്ദിയുടെ ഹൃദയ ഭൂമിയില്‍ രാഹുലും പ്രിയങ്കയും മത്സരത്തിനിറങ്ങുന്നത് ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ മുന്നണി. ഇത്തരമൊരു തിരിച്ചറിവിലാണ് അഖിലേഷ് യാദവും മത്സരത്തിനിറങ്ങിയത്.

ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരും അയോധ്യയില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇരുവരുടെയും അയോധ്യ സന്ദര്‍ശനം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം രാഹുലും പ്രിയങ്കയും എത്തുന്നത് എന്‍ ഡി എയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവ് ബി ജെ പി ക്യാംപുകളിലുണ്ട്. അതുകൊണ്ട് തന്നെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലെ അമേഠിയും റായ്ബറേലിയും. ഇവ ഉള്‍പ്പെടെയുള്ള പ്രധാന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 26 ന് ആരംഭിക്കും. ഈ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യുപിയിലെ രണ്ട് സീറ്റുകളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലവില്‍ പ്രതികരിച്ചിട്ടില്ല.ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളെ മത്സരിക്കൂ എന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

മെയ് മൂന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 2004ല്‍ അമേഠിയില്‍ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച രാഹുല്‍ ഗാന്ധി 2019ല്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന് മുമ്പ് മൂന്ന് തവണ വിജയം നേടിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ തവണ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലെത്താന്‍ രാഹുലിനായി.

2004 മുതല്‍ റായ്ബറേലി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2004 മുതല്‍ സോണിയ ഗാന്ധി റായ്ബറേലി സീറ്റ് കൈവശം വച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും താന്‍ റായ്ബറേലിയില്‍ നിന്ന് 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞ ഉത്തര്‍പ്രദേശിലെ ഒരേയൊരു സീറ്റാണ് റായ്ബറേലി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളെ മത്സരിക്കൂ എന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.