രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസം; വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി; അയോഗ്യത നീങ്ങും
മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കു ആശ്വാസം. കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരമാവധി ശിക്ഷ എന്തിനെന്ന് കോടതികള്‍ വ്യക്്തമാക്കിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേട്ട ശേഷമായിരുന്നു സ്റ്റേ. രാഹുല്‍ ഗുരുതരകുറ്റം ചെയ്തതുപോലെയായിരുന്നു വിചാരണക്കോടതിയുടെ സമീപനമെന്ന് അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വാദിച്ചു. രാഹുലിന്‍റെ പേരില്‍ കൊലക്കേസോ ബലാല്‍സംഗക്കേസോ ഇല്ല. എട്ടുവര്‍ഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യമെന്നും സിങ്‍വി വാദിച്ചു.
രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകള്‍ മാത്രമേ ഉള്ളൂ. ശിക്ഷ സ്റ്റേ ചെയ്യാന്‍ അസാധാരണ സാഹചര്യമുണ്ടാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വയനാട് തിരഞ്ഞെടുപ്പ് പരാമര്‍ശിച്ചപ്പോള്‍ രാഷ്ട്രീയം പറയേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പരമാവധി ശിക്ഷ എന്തിനെന്ന് വിചാരണക്കോടതി വ്യക്തമാക്കിയില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ തെളിവുണ്ടെന്നു മഹേഷ് ജഠ്മലാനി വാദിച്ചു.