മധ്യപ്രദേശ് കോൺഗ്രസിൽ അഴിച്ചുപണി; കമൽനാഥിനെ മാറ്റി; ജിത്തു പട്‌വാരി പുതിയ അധ്യക്ഷൻ

 
mp

നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിയ്ക്കു പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വമ്പൻ അഴിച്ചുപണി. ജിത്തു പട്‌വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പി.സി.സി. അധ്യക്ഷന്‍. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റിയാണ് പട്‌വാരിയെ മധ്യപ്രദേശ് പി.സി.സി. അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. 

ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാവു മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പട്‌വാരി, ബി.ജെ.പിയുടെ മധു വര്‍മയോട് 35,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടിരുന്നു. അടുത്തകൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവെച്ചാണ് ജിത്തു പട്‌വാരിയെ പി.സി.സി. അധ്യക്ഷസ്ഥാനത്ത് എത്തിക്കുന്നത്.

ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ദീപക് ബൈജ് തന്നെ തുടരും. ചരണ്‍ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.മധ്യപ്രദേശിൽ അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അനായാസം അധികാരത്തിലേറാമെന്നുമായിരുന്നു കോൺഗ്രസ് പ്രതീക്ഷ. എന്നാൽ വമ്പൻ പരാജയമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 230 ൽ 163 സീറ്റുകളും തൂത്തുവാരിയാണ് ബി ജെ പി സംസ്ഥാന ഭരണം വീണ്ടും പിടിച്ചെടുത്തത്. കോൺഗ്രസാകട്ടെ 2018 ൽ നേടിയ‌ 114 സീറ്റിൽ നിന്ന് 66 സീറ്റുകളിലേക്കാണ് നിലംപതിച്ചത്. ഇതോടെ കമൽ നാഥിനെതിരായ പാർട്ടിക്കുള്ളിൽ ശക്തമായ വികാരമാണ് ഉയർന്നത്.