സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ

 
pix

കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി.

രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നൽകാനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൂടെനിൽക്കുന്ന നേതാക്കൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ മന്ത്രിസഭയിൽ നൽകണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും ഡി.കെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

  രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. 135 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജെവാലയും കേന്ദ്രനിരീക്ഷകരും മല്ലികാർജുൻ ഖാർഗെയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എം.എൽ.എമാരുടെ പിന്തുണയും അവസാന മത്സരം എന്ന പ്രഖ്യാപനവും സിദ്ധരാമയ്യയ്ക്ക് ഗുണകരമായി.   135 സീറ്റുകളിൽ വിജയം നേടിയാണ് കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയത്. 66 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 19 സീറ്റ് ജെഡിഎസിനും ലഭിച്ചു. കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ ലഭിച്ചതോടെ ആശങ്കകൾക്ക് വകയില്ലാതെ അധികാരം കോൺഗ്രസിലേക്കെന്ന് തീരുമാനമാകുകയായിരുന്നു.