കാല്‍വഴുതി വീണു; ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ഇന്ന് പുലര്‍ച്ചെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 
lalu

കോണിപ്പടിയില്‍ നിന്ന് വീണു സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്നയിലെ പരസ് ആശുപത്രിലാണ് ലാലുവിനെ പ്രവേശിപ്പിച്ചത്. സ്വവസതിയിലെ കോണിപടിയില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ലാലുവിന് പരുക്കേറ്റത്. 75 കാരനായ ആര്‍ജെഡി അധ്യക്ഷന് വീഴ്ച്ചയില്‍ തോളിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മൂന്നര വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്നും പട്നയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ലാലു തിരിച്ചെത്തിയത്. കാലിതീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു. 2017 ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരതടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു ചികിത്സക്ക് വിധേയനാവുകയായിരുന്നു. ഈ വര്‍ഷമാദ്യവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഡൊറന്‍ഡ ട്രഷറി അഴിമതി കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഡിസംബറില്‍ തടവിലായി. ഡല്‍ഹി എയിംസില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏകദേശം മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലാലു പ്രസാദ് ഡല്‍ഹിയില്‍ നിന്ന് പട്നയില്‍ തിരിച്ചെത്തിയത്. അതിനിടെ ഫെബ്രുവരിയില്‍ അഞ്ചാമത്തെ കാലിതീറ്റ കുംഭകോണകേസില്‍ ലാലുവിനെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസില്‍ അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. കൂടാതെ 60 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി വിധിച്ചു. ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് കേസ്. കുംഭകോണ കേസുകളില്‍ അവസാനത്തെ കേസിലാണ് വിധി. ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 20217ല്‍ ജയിലിലെത്തിയ ലാലു പ്രസാദിന് മൂന്നര വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. 

കേസിലെ യഥാര്‍ത്ഥ 170 പ്രതികളില്‍ 55 പേര്‍ മരിച്ചു. ഏഴ് പേര്‍ സര്‍ക്കാര്‍ സാക്ഷികളായി, രണ്ട് പേര്‍ അവര്‍ക്കെതിരായ കുറ്റങ്ങള്‍ അംഗീകരിച്ചു, ആറ് പേര്‍ ഒളിവിലാണ്. ലാലു പ്രസാദിനു പുറമേ മുന്‍ എംപി ജഗദീഷ് ശര്‍മ, അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയര്‍മാന്‍ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.എം.പ്രസാദ് എന്നിവരാണ് മുഖ്യപ്രതികള്‍.