തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് പ്രത്യേക കൊളീജിയം; വിധിയുമായി സുപ്രീംകോടതി

 
Court

 തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിലുണ്ടാകും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും കൊളീജിയമായിരിക്കും തീരുമാനിക്കുക.

കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്നവരുടെ പേരുകൾ സ്വീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തി കൊണ്ടാണ് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ലോക് സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ കൊളീജിയത്തിന്‍റെ പ്രതിനിധി ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും.

ഈ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുന്നവരെയായിരിക്കും ഇനി രാഷ്ട്രപതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സുപ്രധാന വിധി നിർണ്ണയിച്ചത്.