ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 
pi

ചാന്ദ്ര ശോഭയില്‍ ഇന്ത്യ മിന്നിത്തിളങ്ങുമ്പോള്‍ രാജ്യമാകെ ആഘോഷം. ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ് ലാൻഡ‍ിംഗ് കാണുന്നതിനുള്ള സൗകര്യം കേരളത്തിൽ ഉള്‍പ്പെടെ രാജ്യമാകെ ഒരുക്കിയിരുന്നു. സോഫ്റ്റ് ലാൻഡിംഗ് അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങളായിരുന്നു എല്ലാവര്‍ക്കും. ഓരോ പ്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാവരും ആഘോഷത്തോടെ കയ്യടികള്‍ മുഴക്കി.

ഒടുവില്‍ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ പൂര്‍ത്തിയായതോടെ ആഘോഷം അതിന്‍റെ പാരമ്യത്തിലെത്തി. ത്രിവര്‍ണ പതാക വീശിയും ആഹ്ളാദാരവങ്ങള്‍ മുഴക്കിയുമാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ വിജയം രാജ്യം ആഘോഷമാക്കിയത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശം പ്രകടിപ്പിച്ചത്.

ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.  ചരിത്ര നിമിഷത്തിൽ 'ഇന്ത്യ ഈസ് ഓൺ ദ മൂൺ' എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു. ബ്രിക്സ് ഉച്ചകോടിയിലും എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയിൽ പുതിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവച്ചത്. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ്  ഐഎസ്ആർഓയ്ക്കൊപ്പം ചേർന്നത്.