കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ വീട് ഇടിച്ച് നിരത്തി വനിതാ പൊലീസുകാർ

 
police

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലാണ് സംഭവം. അനധികൃതമായി കയ്യേറിയ ഭൂമിയിലാണ് പ്രതി വീട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട് പൂർണമായും തകർത്തു.

ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ദാമോയിൽ വച്ചാണ് പെൺകുട്ടിയെ നാലു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഈ കേസിലെ പ്രതികളിലൊരാളായ കൗശൽ കിഷോർ ചൗബെയുടെ വീടാണ് വനിതാ പൊലീസ് തകർത്തത്. ഒളിവിലായിരുന്ന കൗശൽ കിഷോർ ചൗബെയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റു മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടലാത്സംഗത്തിന് ഇരയാക്കിയ ഇയാൾ ഒളിവിലായിരുന്നു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലായിരുന്നു വീട് വച്ചത്. ബുൾഡോസർ ഉപയോഗിച്ച് ഒരു സംഘം വനിതാ ഉദ്യോഗസ്ഥരാണ് വീട് പൊളിച്ചുനീക്കിയത്. വനിതാ ഓഫീസർമാർ മികച്ച ജോലി ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ തുടരണം” റാണെ സ്റ്റേഷൻ ഓഫീസർ പ്രഷിത കുർമി പറഞ്ഞു.