ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണം

 
AP

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ തലസ്ഥാനമായ വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു.

ഗവർണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. അതേസമയം, നിയമസഭയുടെ പ്രവർത്തനം നിലവിലെ തലസ്ഥാന നഗരമായ അമരാവതിയിലായിരിക്കും. ഹൈക്കോടതി മറ്റൊരു നഗരമായ കുർണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

2015 ലാണ് ആന്ധ്രാപ്രദേശ് സർക്കാർ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. 2020 ഓടെ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. അമരാവതിക്ക് പുറമെ വിശാഖപട്ടണം, കർണൂൽ എന്നിവയാണ് ഈ നഗരങ്ങൾ. എന്നിരുന്നാലും, ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയും അമരാവതി തലസ്ഥാന നഗരമായി തുടരുകയും ആയിരുന്നു.