നവകേരളസദസ്സിന് മന്ത്രിമാര്‍ ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനെന്ന് ഗതാഗതമന്ത്രി
Updated: Nov 15, 2023, 19:10 IST
നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസ് മോടി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്. 21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സിനായുള്ള സ്പെഷ്യൽ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്.