എ.ഐ ക്യാമറയില്‍ 100 കോടിയുടെ അഴിമതി; രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

കണ്‍സോര്‍ഷ്യം യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധുവും പങ്കെടുത്തു
 
V D
നഷ്ടപ്പെട്ട പണം മടക്കി കിട്ടാന്‍ കമ്പനികള്‍ പ്രകാശ് ബാബുവിനെ സമീപിച്ചിരുന്നോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം

എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ന് പുറത്ത് വിടുന്നത്. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്‌സ് എന്ന കമ്പനിയാണ്. ട്രോയ്‌സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ 33.59 കോടിയും കണ്‍ട്രോള്‍ റൂമിനും സോഫ്ട് വെയറിനും സോഫ്ട് വെയര്‍ ലൈസന്‍സിനുമായി 10.27 കോടിയും ഫീല്‍ഡ് ഇന്‍സ്റ്റലേഷന് 4.93 കോടിയും വാര്‍ഷക മെയിന്റനന്‍സിന് 8.2 കോടിയും ഉള്‍പ്പെടെ 57 കോടി രൂപയുടെ പ്രെപ്പോസലാണ് മറ്റു കമ്പനികള്‍ക്ക് ട്രോയ്‌സ് നല്‍കിയത്. പഴയ സാങ്കേതിക വിദ്യ പ്രകാരമുള്ള ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിലയാണ് ട്രോയ്‌സ് പ്രെപ്പോസലില്‍ നല്‍കിയിരുന്നത്. അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പ്രസാഡിയോയും അല്‍ഹിന്ദും തമ്മില്‍ തര്‍ക്കമുണ്ടായത്. വില നിശ്ചയിച്ചിരിക്കുന്നതില്‍ സുതാര്യതയില്ലെന്ന് അല്‍ഹിന്ദ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. 

45 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്നിരിക്കെയാണ് ട്രോയ്‌സ് 57 കോടിയുടെ  പ്രെപ്പോസല്‍ നല്‍കിയത്. ക്യാമറയും കണ്‍ട്രോള്‍ റൂമൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ 50 കോടി രൂപയില്‍ തഴെയുള്ള ചെലവില്‍ പൂര്‍ത്തിയാക്കാമെന്നിരിക്കെയാണ് 151 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയത്. കെല്‍ട്രോണില്‍ നിന്നും ലഭിച്ച ടെന്‍ഡര്‍ മറ്റ് കമ്പനികള്‍ക്ക് വീതിച്ച് നല്‍കിയ എസ്.ആര്‍.ഐടി 9 കോടി രൂപയാണ് നോക്കുകൂലിയായി വാങ്ങിയത്. ബാക്കി തുക മറ്റു കമ്പനികള്‍ തമ്മില്‍ വീതം വയ്ക്കാനായിരുന്നു പദ്ധതി. 

അല്‍ഹിന്ദും ലൈറ്റ് മാസ്‌റ്റേഴ്‌സും പദ്ധതിയില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ വന്ന ഹൈദരാബാദ് കമ്പനിയെ പറ്റിച്ചും 25 കോടി ട്രോയ്‌സ് വാങ്ങിയെടുത്തു. സര്‍ക്കാരില്‍ നിന്നും 100 കോടി തട്ടിയെടുത്തത് കൂടാതെയാണിത്. വിചിത്രമായ വെട്ടിപ്പാണ് അഴിമതി ക്യാമറയ്ക്ക് പിന്നില്‍ നടന്നത്. 

മുഖ്യമന്ത്രിയുടെ ബന്ധു ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നതിന് തെളിവ് ഹാജരാക്കാമോയെന്നാണ് മന്ത്രി പി. രാജീവ് ഇന്നലെ ചോദിച്ചത്. കണ്‍സോര്‍ഷ്യത്തിന്റെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടോയെന്ന ചോദ്യം പ്രസാഡിയോ കമ്പനി ഉടമ സുരേന്ദ്രകുമാര്‍ നിഷേധിച്ചിട്ടില്ല. കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുക്കുകയും കൂടുതല്‍ സമയം സംസാരിക്കുകയും ചെയ്തത് പ്രകാശ്ബാബുവാണ്. ഇതൊരു സ്വപ്‌ന പദ്ധതിയാണെന്നാണ് അന്ന് പ്രകാശ്ബാബു പറഞ്ഞത്. ഈ പദ്ധതി കേരളത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാകുമെന്നും പ്രകാശ്ബാബു പറഞ്ഞിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുകയും പണം നഷ്ടമാകുകയും ചെയ്ത കമ്പനികള്‍ പ്രകാശ്ബാബുവിനെ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുകയാണ്. അങ്ങയുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ടതെന്നും നഷ്ടപ്പെട്ട പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യത്തില്‍ നിന്നും പുറത്ത് പോയ ഏതെങ്കിലും കമ്പനികളുടെ പ്രതിനിധികള്‍ പ്രകാശ്ബാബുവിനെ സന്ദര്‍ശിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന് രാജീവ് ഉള്‍പ്പെടെ ഏതെങ്കിലും മന്ത്രിമാര്‍ മറുപടി നല്‍കിയാല്‍ മതി. അന്വേഷണം നടത്തിയാല്‍ പ്രകാശ്ബാബു യോഗത്തില്‍ ഹാജരായതിന്റെ തെളിവ് ഹാജരാക്കാം. 


എ.ഐ ക്യാമറ പദ്ധതിക്ക് പിന്നില്‍ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് അല്‍ഹിന്ദ് കമ്പനി 23-10-2021 ല്‍ പി രാജീവ് വ്യവസായ മന്ത്രിയായിരിക്കെ വ്യവസായ സെക്രട്ടറിയെ അറിയിച്ചിരുന്നു. എസ്.ആര്‍.ഐ.ടി നല്‍കേണ്ട ആറ് കോടിയില്‍ മൂന്ന് കോടിയും നല്‍കിയത് അല്‍ഹിന്ദാണ്. എന്നിട്ടും കരാറില്‍ നിന്നും പിന്‍മാറുകയാണെന്ന കത്തിന് പ്രസാഡിയോ ഡയറക്ടര്‍ രാംജിത്തിനോട് സംസാരിക്കണമെന്നാണ് എസ്.ആര്‍.ഐ.ടി മറുപടി നല്‍കിയത്. എസ്.ആര്‍.ഐ.ടിയാണ് ടെന്‍ഡര്‍ എടുത്തതെങ്കിലും എല്ലാം നിയന്ത്രിക്കുന്നത് പ്രസാഡിയോ ആണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. പ്രസാഡിയോയുടെ നിയന്ത്രണത്തിലാണ് എ.ഐ ക്യാമറ ഇടപാട് നടന്നത്. നടപടിയെടുക്കാതെ അല്‍ഹിന്ദ് നല്‍കിയ കത്ത് കയ്യില്‍ വച്ചുകൊണ്ടിരുന്ന വ്യവസായ സെക്രട്ടറിയെയാണ് ഇപ്പോള്‍ ഇടപാട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വ്യവസായ മന്ത്രിക്കും വ്യവസായ സെക്രട്ടറിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നില്ല. എന്നാല്‍ ഇടപാടില്‍ അഴിമതി നടക്കുന്നുണ്ടെന്ന് ഇരുവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും അവര്‍ അഴിമതി മറച്ച് വച്ചു.